Spread the love

കെഎസ്ആര്‍ടിസി ബസില്‍ പുരുഷന്മാര്‍ക്ക് സീറ്റ് സംവരണം വേണമെന്ന ആവശ്യത്തിന് പിന്തുണ അറിയിച്ച് നടി പ്രിയങ്കാ അനൂപ്‌. അന്താരാഷ്ട്ര പുരുഷദിനത്തില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആവശ്യം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രിയങ്ക ഉപദേശിച്ചു.

‘സ്ത്രീ ഒരു ബസില്‍ കയറിയാല്‍ പാവം പുരുഷന്‍ മാറി നില്‍ക്കണോ? ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറിക്കൊടുക്കും. പുരുഷന്മാര്‍ക്കും വേണം. ഗണേഷേട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിട്ടിരിക്കുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതരും. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാര്‍. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി, വേണ്ടകാര്യങ്ങള്‍ക്ക് ഏതറ്റംവരേയും പോകാനും ഞാന്‍ എത് സമയത്ത് വിളിച്ചാലും ഒപ്പമുണ്ടാവും’, പ്രിയങ്ക പറഞ്ഞു.

‘വൈറലാവാന്‍ വേണ്ടി പറയുന്നതല്ല. ഇന്നുവരെ ഒരു പുരുഷനേയും ഒരു സ്ത്രീ പിന്തുണയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ കുടുംബത്തിലും പുരുഷന്മാരുണ്ട്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പുരുഷനെ പൊക്കി, അവന്‍ മാത്രമാണ് തെറ്റുകാരന്‍ എന്ന് പറയും. തെറ്റ് ചെയ്തത് ഏതാളായാലും ശിക്ഷിക്കണം. പക്ഷേ, തെറ്റുചെയ്യാത്തവരുടെ ഒരുപാട് ആത്മഹത്യകള്‍ നടക്കുന്നുണ്ട്. പുരുഷന്മാര്‍ വേദന തിന്നുന്നുണ്ട്, കുടിയന്മാരാവുന്നുണ്ട്. ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോവുന്നുണ്ട്. എന്താണ് ഫെമിനിസം. ഫെമിനിസം ഒന്നുമല്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശമുണ്ട്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Leave a Reply