
കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം’; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവം നടന്നയുടൻ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. കോണ്‍ഗ്രസുകാര്‍ എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ ആരോപിച്ചു.ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടതെന്നും പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയിൽ നിന്ന് ഇളകി എന്നുമായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടൻ പ്രതികരിച്ചിരുന്നു.
വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നിരുന്നു. കഴിഞ്ഞ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.