ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു 19കാരന് കിട്ടാവുന്നതില്‍ വെച്ച് സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി ഇറങ്ങിയ താരം ചെന്നൈ ക്യാപ്റ്റന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. റുതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്
മത്സരത്തില്‍ മുംബൈ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബോളിങ് പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരശേഷം ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനുമായ എം എസ് ധോണി വിഘ്‌നേഷിനെ അഭിനന്ദിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. മലയാളി താരത്തെ ധോണി സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. മനോഹരമായ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.