വൈത്തിരി∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥിനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്.
എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്.