Spread the love

തിരുവനന്തപുരം∙ പ്രതിപക്ഷ സംഘടനകൾ സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ കേസ് ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും ഫൊട്ടോഗ്രാഫർമാർക്കും പരുക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്കു പിന്തുണയുമായി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും എത്തിയതോടെ സംഘർഷം രൂക്ഷമായി.

ആദ്യം എംഎസ്എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ പ്രധാനകവാടത്തിലെത്തി പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ പ്രശ്നങ്ങളുണ്ടായി. എംഎസ്എഫ് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സംഘർഷം വർധിച്ചു. പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നിരാഹാര സമരവും മറ്റു വിവിധ പ്രതിഷേധങ്ങളും സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. എംഎസ്എഫ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെഎസ്‌യു, കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സംഘർഷം രൂക്ഷമായി.

കൊടി കെട്ടിക്കൊണ്ടുവന്ന കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ പൊലീസിനെ നേരിട്ടു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമം നടത്തി. പിന്നീട് മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്ക് കയറി നിലയുറപ്പിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടക്കാനും പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഷീല്‍ഡ് ഉപയോഗിച്ച് ഇത് തടഞ്ഞു. എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ വളരെക്കുറച്ച് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നിലുണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസ് എത്തി. പ്രതിപക്ഷ സംഘടനയിലെ കൂടുതൽപേർ സ്ഥലത്തേക്കെത്തി പ്രതികരിച്ചു.

Leave a Reply