Spread the love

കൊല്ലം∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ കസ്റ്റഡിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്.

കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ പിടിലാകാനുള്ള നാല് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ 13 പേർ പിടിക്കപ്പെട്ടു.

ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോയാണെന്നും ജയപ്രകാശ് അറിയിച്ചു.

കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply