Spread the love

തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നടക്കാവ് പോലീസ് നൽകിയ അപേക്ഷ കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രെറ്റ് കോടതി തള്ളി.

പ്രതികളായ വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് ഷിബിലി (28), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് തള്ളിയത്. കേസന്വേഷണം തിരൂർ പോലീസിൽ നിന്ന് നടക്കാവ് പോലീസ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്.

അറസ്റ്റു ചെയ്ത് 15 ദിവസം കഴിഞ്ഞ് പോലീസ് കസ്റ്റഡി അനുവദിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിഭാഗം അഭിഭാഷകരായ ഹിജാസ് അഹമ്മദ്, അബ്ദുൽ റഷീദ് എന്നിവരുടെ വാദം അംഗീകരിച്ചാണ് നടപടി.

കേസിൽ പ്രതികളെ നേരത്തേ കസ്റ്റഡിയിൽ നൽകിയതിനാൽ അന്വേഷണം ഏറെ മുന്നോട്ടു
പോയ ശേഷം വീണ്ടും വിട്ടുകൊടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ മാറുന്നതു കൊണ്ട് കേസ് പുതിയതായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവും പ്രതി ഭാഗം ഉന്നയിച്ചു. മൂന്നുപ്രതികളെയും ജൂലായ് ഏഴുവരെ റിമാൻഡ് ചെയ്തു.

ജയിലിൽ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ നേരത്തേ കസ്റ്റഡിയിൽ വിട്ട സമയത്ത് കൈയാമം വെച്ചതിനെതിരേ നൽകിയ ഹർജി ഏഴിന് പരിഗണിക്കും.

Leave a Reply