Spread the love

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് റിപ്പോർട്ട്. സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാൻ അവസരം നൽകാമെന്ന വാ​ഗ്ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സം​ഗം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം നൽകുമ്പോൾ കർശന വ്യവസ്ഥകൾ വേണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടെന്നാണ് വിവരം

ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദമായ പോലീസ് റിപ്പോർട്ടിലാണ് നടനെതിരായ ​ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബലാത്സം​ഗം ചെയ്തെന്നാണ് പോലീസ് റിപ്പോർട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ആദ്യം മുതൽ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെടുന്ന അവസരത്തിൽ ഹാജരാകണമെന്നും സാക്ഷിയെയോ പരാതിക്കാരിയെയോ ഒരു തരത്തിലും ആക്ഷേപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി സിദ്ദിഖിനോട് ആവശ്യപ്പെടണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ‌ കർശന വ്യവസ്ഥകളോടെ മാത്രമേ സിദ്ദിഖിന് ജാമ്യം അനുവദിക്കാവൂ എന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പരാതിക്കാരിയുടെ അഭിനയമോഹം ചൂഷണം ചെയ്തുകൊണ്ടാണ് സിദ്ദിഖ് ബലാത്സം​ഗം ചെയ്തത്. വിവരം പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ തന്നെ വച്ചുനോക്കുമ്പോൾ പരാതിക്കാരി പൂജ്യം സ്ഥാനത്താണെന്നും തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർക്ക് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സിദ്ദിഖിനെ ഹാജരാക്കി. കോടതിയിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് സിദ്ദിഖിനെതിരായ ​ഗുരുതര ആരോപണങ്ങളുള്ളത്.

Leave a Reply