പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് പ്രിയവ്രത് ഫൗജി. കുറ്റവാളിയായ രാംകരണിന്റെ സംഘത്തിലെ അംഗമായിരുന്ന ഇയാള്‍ ഷാര്‍പ്പ് ഷൂട്ടറാണ്. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ദില്ലി പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.