ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പിണറായി സർക്കാരിൻ്റെ കാലത്ത് തുടങ്ങിയതും പൂർത്തീകരിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു.