കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവ്വീസസ് നടത്തുന്ന സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് ആരംഭിക്കും. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം. റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. പലയിടങ്ങളിലും പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.