തൃത്താല: വെള്ളിയാങ്കല്ല് പൈതൃകപാർക്ക് ആറ് ദിവസത്തേക്ക് അടച്ചു. ജില്ലയിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് പാർക്ക് അടച്ചത്. ഒക്ടോബർ 25-ന് ശേഷമേ സന്ദർശകർക്ക് പ്രേവശനം അനുവദിക്കൂവെന്ന് പാർക്ക് മാനേജർ സി.എസ്. അനീഷ് അറിയിച്ചു.
പ്രവേശനത്തിന് നിരോധനമേർപ്പെടുത്തിയതറിയാതെ നിരവധിപേരാണ് വെള്ളിയാങ്കല്ലിലെത്തി മടങ്ങിപ്പോകുന്നത്. ആളൊഴിഞ്ഞതോടെ പാർക്കിനകത്ത് ശുചീകരണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മടങ്ങിപ്പോകുന്ന സന്ദർശകർ ഭാരതപ്പുഴയിലേക്കിറങ്ങുന്നത് അപകടസാധ്യത ഉയർത്തുന്നുണ്ട്. നിലവിൽ പുഴയിൽ ശക്തമായ കുത്തൊഴുക്കാണുള്ളത്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള അപകട മുന്നറിയിപ്പുകളെ അവഗണിച്ചാണ് മടങ്ങിപ്പോകുന്ന പലരും പുഴയുടെ അപകടമേഖലകളിൽ കാഴ്ച കാണാനിറങ്ങുന്നത്.