അമ്മ കരയില്‍ നിന്നും കരയുന്നു, കിണറ്റില്‍ കുഞ്ഞിന്റെ ഞരങ്ങല്‍. സഹായം തേടി യുവാവിന്റെ വിളി. ഇതു കേട്ടുകൊണ്ടാണ് കിണറിനരികിലേക്ക് സിന്ധു ഓടി എത്തുന്നത്. പിന്നീട് ഒന്നും നോക്കിയില്ലെ കിണറിന്റെ ആഴങ്ങളിലേക്ക് ജീവന്‍ പണയം വെച്ച് സിന്ധു ഇറങ്ങി. തൊടിയില്‍ ചവിട്ടി നിന്ന് യുവാവിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയില്‍ നിന്നവരുടെ കൈകളിലേക്ക് കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചു. ഐക്കരത്തോട്ട് മലയുടെ ചരുവില്‍ ശശിയുടെയും സിന്ധു ഭവനത്തില്‍ സിന്ധുവിന്റെയും ധീരതയും നല്ലമനസ്സുമാണ് രണ്ടര വയസ്സുള്ള ആരുഷിന് പുനര്‍ ജന്മം നല്‍കിയത്.
ഐക്കരേത്ത് അജയഭവനത്തില്‍ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ച വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ പുറത്തിറങ്ങി നോക്കി. മകനെ കാണാനില്ലെന്ന് മനസിലായതോടെ അയല്‍വാസിയുടെ മറയില്ലാത്ത കിണറില്‍ നോക്കി. അപ്പോഴാണ് കുട്ടി കിണറില്‍ വീണതാണെന്ന് വ്യക്തമായത്. മാതാപിതാക്കളുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. പനി ബാധിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്ന ശശിയും ഓടിയെത്തി. മറ്റുള്ളവര്‍ പകച്ച് നിന്നപ്പോള്‍ സധൈര്യം 20 അടി താഴ്ചയുള്ള കിണറിലേക്ക് ഇറങ്ങി.
എന്നാല്‍ കുഞ്ഞിനെയുമായി കരക്ക് കയറാന്‍ ഒരാളുടെ സഹായം ശശിക്ക് വേണമായിരുന്നു. ഈ സമയമാണ് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു ഓടി എത്തിയത്. ഒന്നും നോക്കാതെ സിന്ധു കിണറിലേക്ക് ചാടിയിറങ്ങി. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുഞ്ഞിനെയെടുത്ത് ശശി മുകളിലെ തൊടിയില്‍ കയറി നിന്നു. കിണറിലിറങ്ങിയ സിന്ധു കുഞ്ഞിനെ വാങ്ങി മുകളിലേക്ക് സുരക്ഷിതമായി എത്തിച്ചു.
പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പുറമെ കുട്ടിക്ക് പരുക്ക് ഒന്നും ഉണ്ടായിരുന്നില്ല. ആന്തരികമായി പരുക്കുകള്‍ ഉണ്ടോ എന്നറിയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകയും തൊഴിലുറപ്പ് തൊഴിലാളിയുമായി സിന്ധുവിന്റെയും ശശിയുടെയും ധീരതയെയും നല്ല മനസ്സിനെയും ഏവരും അഭിനന്ദിക്കുകയാണ്. പോയ പ്രളയ കാലത്ത് നിറഞ്ഞു കിടന്ന കിണറ്റില്‍ വീണ ആടിന് ഒറ്റക്ക് എഠുത്ത് കരക്ക് കയറ്റിയ സിന്ധു നാട്ടുകാരുടെ അഭിനന്ദനം നേടിയിരുന്നു.