എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന നിലപാട് കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. നടപടി പ്രാവർത്തികമാക്കിയാൽ അത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിൾ പോലുള്ള കമ്പനികൾക്ക് നീക്കം തിരിച്ചടിയാകും. (center may unify charging port).
മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും ഈ നടപടി. പല ഡിവൈസുകൾക്കായി ഒന്നിൽ പരം ചാർജറുകൾ കൊണ്ടുനടക്കുന്നവർക്ക് നീക്കം ഗുണം ചെയ്യും. ചാർജിംഗ് പോർക്ക് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും.