സിനിമ ജീവിതത്തിൽ നിന്നും വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ദളപതി വിജയ് തിരിഞ്ഞതോടെ താരത്തിന് ബദൽ ഇനി ആര് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ഉയർത്തിക്കാട്ടിയ പേര് ശിവകാർത്തികേയൻ എന്നതായിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ ഇക്കഴിഞ്ഞ വർഷം സൂപ്പർഹിറ്റായ ചിത്രം അമരന്റെ വിജയം. സിനിമയിലെ രസികൻ കഥാപാത്രങ്ങൾ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും സൗമ്യനും ഒരു സൂപ്പർസ്റ്റാറിന്റെ ജാഡകൾ ഒന്നും തന്നെയില്ലാതെ പോസിറ്റീവ് ആയി പെരുമാറുകയും ചെയ്യുന്ന താരത്തെ പ്രേക്ഷകർക്ക് വലിയ കാര്യമാണ്. ഇപ്പോഴിതാ താൻ ഒന്നുമല്ലാത്ത കാലത്തും ഭാര്യ ആരതി തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് നടൻ വാചാലനായതാണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
“എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം” എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്.






