Spread the love

കരുവാരകുണ്ട് ∙ മുഹമ്മദ് റിസ്‍വാന്റെ ഒറ്റ കിക്കിൽ ലോകത്തെ 492 മില്യൻ ആളുകൾ കണ്ട കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ ചിത്രീകരിച്ച റിസ്‍വാന്റെതന്നെ പുതിയ വിഡിയോയും വൈറൽ.കഴിഞ്ഞ 4ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോ ഇതിനകം 6 കോടി ആളുകളാണ് കണ്ടത്. ഒരു കയ്യിൽ പന്തും മറുകയ്യിൽ മഹാരാഷ്ട്ര സോഷ്യൽ ഫൗണ്ടേഷൻ നൽകിയ ടാലന്റ് റെക്കോർഡ് സർട്ടിഫിക്കറ്റും പിടിച്ചുനിൽക്കുന്ന 6 സെക്കൻഡ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായത്.

ഇതോടെ കടലുണ്ടിപ്പുഴയുടെ പ്രഭവകേന്ദ്രമായ കേരളാംകുണ്ട് വെള്ളച്ചാട്ടവും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരം അരീക്കോട് മാങ്ക‌ടവ് മുഹമ്മദ് റിസ്‍വാൻ(21)‍ കഴിഞ്ഞ നവംബർ 18ന് ആണ് 5 പേരടങ്ങുന്ന കൂട്ടുകാരൊടൊപ്പം കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്.

യാത്രയിലെല്ലാം പന്ത് കയ്യിൽ കരുതാറുള്ള റിസ്‍വാൻ വെള്ളച്ചാട്ടത്തിൽ ഇറങ്ങി പന്ത് പാറക്കൂട്ടത്തിലേക്ക് കിക്ക് ചെയ്യുന്നതാണ് വിഡിയോയിൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത 30 സെക്കൻഡ് വിഡിയോ ഇതിനകം 49.2 കോടി ആളുകളാണ് കണ്ടത്. 4 വർഷം മുൻപാണ് റിസ്‍വാൻ ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ പരിശീലനം തുടങ്ങിയത്.

പ്ലസ്ടു പഠനം കഴിഞ്ഞ് പൂർണമായി ഫ്രീ സ്റ്റൈൽ പരിശീലനത്തിലാണിപ്പോൾ. രാവിലെയും വൈകിട്ടും 2 മണിക്കൂർ വീതം പരിശീലനം ഉണ്ട്. ഫ്രീ സ്റ്റൈൽ ലോക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യം. സമൂഹ മാധ്യമങ്ങളിൽ പന്തുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ കണ്ട് വടകര സ്വദേശി റമീസ് 41,000 രൂപ വിലയുള്ള പന്ത് സൗജന്യമായി നൽകിയെന്ന് റിസ്‍വാൻ അറിയിച്ചു. ഈ പന്ത് ഉപയോഗിച്ചാണ് റി‍സ്‍വാന്റെ അഭ്യാസം. പന്തലാഞ്ചേരി അബ്ദുൽ മജീദിന്റെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് റിസ്‍വാൻ.

Leave a Reply