പെരിന്തൽമണ്ണ : കുന്തിപ്പുഴയിൽ മണലായ കണ്ടൻചിറ കടവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വർഷം മുൻപ് മരിച്ചയാളുടേതാണെന്നു സൂചന. പുഴയുടെ സമീപപ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളുടെ മകൻ ഇതുസംബന്ധിച്ച് പോലീസിന് മൊഴിനൽകി. എന്നാൽ വിദഗ്ധപരിശോധനയ്ക്കയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങൾ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
30 വർഷം മുൻപ് 85-ാം വയസ്സിൽ മരിച്ച പിതാവിന്റെ മൃതദേഹം വീടിനു സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിർമിക്കുന്നതിനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്‌ച അസ്ഥികൂടം ലഭിച്ചത്. ബുധനാഴ്‌ച രാത്രി ഇത് പുഴയിൽ ഒഴുക്കുകയായിരുന്നു.
എന്നാൽ വെള്ളം കുറവായതിനാൽ ഒഴുകിപ്പോയില്ലെന്നാണു മകൻ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. മകനിൽനിന്ന് പോലീസ് വിശദവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ ഏഴോടെയാണ് പുഴക്കടവിലെത്തിയ സ്ത്രീ അസ്ഥികൂടം കണ്ടത്. തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ പ്രേംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവർ പരിശോധന നടത്തിയിരുന്നു.
മലപ്പുറത്തുനിന്ന് ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റിയ അസ്ഥികൂടത്തിന്റെ ഡി.എൻ.എ., സൂപ്പർ ഇംപോസിഷൻ, രാസപരിശോധനകൾ എന്നിവ നടത്തുന്നതിന് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.പരിശോധനാ വിവരങ്ങൾ വന്നശേഷം അസ്ഥികൂടം 30 വർഷം മുൻപ് മരിച്ചയാളുടേതാണെന്നു വ്യക്തമായാൽ ബന്ധുക്കൾക്കു വിട്ടുനൽകും.