ഉറങ്ങുന്ന ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു; ഭാര്യയ്ക്കു ജീവപര്യന്തം തടവു ശിക്ഷ
ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പടുത്തിയ ഭാര്യയ്ക്കു ജീവപര്യന്തം തടവു ശിക്ഷ. മകളും പേരക്കുട്ടിയും നല്‍കിയ സാക്ഷി മൊഴിയാണ് വഴിത്തിരവായത്. തൃശൂര്‍ മാളയിലെ പരമേശ്വരന്‍ കൊലക്കേസിലാണ് വിധി.
അറുപത്തിയൊന്നുകാരനായ പരമേശ്വരന്‍ കൊല്ലപ്പെട്ടത് 2019 ജൂണ്‍ ഇരുപത്തിന് പുലര്‍ച്ചെയായിരുന്നു. ഉറങ്ങുകയായിരുന്ന പരമേശ്വരനെ കൊലപ്പെടുത്തിയത് ഭാര്യ രമണിയായിരുന്നു. കേസില്‍ അകപ്പെട്ട മകനെ ജാമ്യത്തിലിറക്കാന്‍ ഭൂനികുതി അടച്ച രശീതും മറ്റും പരമേശ്വരന്‍ എടുത്തിരുന്നു. ഏഴു സെന്റ് ഭൂമിയും കിടപ്പാടവും വിറ്റ് തന്നെ വഴിയാധാരമാക്കുമെന്ന സംശയത്താലാണ് രമണി കൊലപാതകം ആസൂത്രണം ചെയ്തത്. മകളും പേരക്കുട്ടിയുമായിരുന്നു ദൃക്സാക്ഷികള്‍. ഇരുവരും രമണിയ്ക്കെതിരെ മൊഴിനല്‍കി. ജീവര്യന്തം തടവു ശിക്ഷയും പതിനായിരം രൂപ പിഴയൊടുക്കാനും തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി പി.ജെ.വിന്‍സന്റ് വിധിച്ചു. അഡ്വക്കേറ്റ് കെ.ഡി.ബാബുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനു പുറമെ, മുപ്പത്തിനാലു സാക്ഷികളേയും പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു.