കോവിഡ് പ്രതിസന്ധിയിൽ പ്രവർത്തനം നിർത്തിവെച്ച അങ്കണവാടികളിൽ 133 എണ്ണം തുറക്കുമ്പോൾ പുത്തൻ ഭാവത്തിലാവും. തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പഠനം അടിസ്ഥാനമാക്കിയാണ് നിർമാണം. ശിശു സൗഹൃദമായ വിശാല ക്ലാസ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, ക്രിയേറ്റീവ് സോൺ, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നിവയാണ് ഒരുങ്ങുന്നത്. 14 ജില്ലകളിലുമായി 133 അങ്കണവാടികളാണ് നിർമാണത്തിന്റെ അവസാന ഘട്ടങ്ങളിലുള്ളത്. ഒന്നേകാൽ മുതൽ 10 സെന്റ് വരെയുള്ള സ്ഥലത്താണ് സ്മാർട്ട് അങ്കണവാടി നിർമിക്കുന്നത്.