Spread the love
ട്രെയിനില്‍ ബാഗുകൾക്കിടയിൽ പാമ്പ്; അരിച്ചുപെറുക്കിയിട്ടും പരാജയപ്പെട്ട് പാമ്പുമായി തുടര്‍യാത്ര; പരിഭ്രാന്തരായി യാത്രക്കാർ

കോഴിക്കോട്: തിരുവനന്തപുരം- നിസാമുദ്ദീൻ എക്സ്പ്രസ്സ് കമ്പാര്‍ട്ടുമെന്റിനകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഫയര്‍ഫോഴ്‌സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും അരിച്ചുപെറുക്കിയിട്ടും പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കംപാർട്ട് മെന്‍റിന് ഉള്ളിലെ ഷീറ്റ് പൊങ്ങിക്കിടന്ന ദ്വാരത്തില്‍ കൂടി പാമ്പ് അകത്ത് കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ദ്വാരം നന്നായി അടച്ച ശേഷം ഒരു മണിക്കൂർ വൈകി പാമ്പുമായി തീവണ്ടി യാത്ര തുടർന്നു.

ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിൽ, യാത്രക്കാരി പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാർ ബഹളം വച്ചു. യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാർട്മെന്റിലൂടെ മുന്നോട്ടു പോയി. തുടർന്ന് ടിടിആറിനെ വിവരം അറിയിച്ചതോടെ, കോഴിക്കോട് എത്തിയ ശേഷം പരിശോധന നടത്തുകയായിരുന്നു. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പുണ്ടായിരുന്നത്.

യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി കമ്പാര്‍ട്ടുമെന്റില്‍ സൂക്ഷ്മപരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂര്‍ വൈകിയ തിരുവനന്തപുരം- നിസാമുദ്ദീൻ എക്സ്പ്രസ്സ് 11.15നാണ് യാത്ര തുടര്‍ന്നത്. കമ്പാര്‍ട്ടുമെന്റില്‍ കണ്ടത് ചേരയാണെന്ന് യാത്രക്കാരന്‍ അയച്ചുകൊടുത്ത വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നതായി ലൈജു പറഞ്ഞു.

Leave a Reply