Spread the love

കൊച്ചി കായലിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഇക്കഴിഞ്ഞ ദിവസമാണ് ഗായകൻ എം ജി ശ്രീകുമാറിന് ഇരുപത്തയ്യായിരം രൂപ പിഴ വിദിച്ചത്. ഒരു വിനോദസഞ്ചാരി പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിൽ ഇത് ബോൾഗാട്ടിയിലെ എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ വിശദീകരണവുമായി എംജി ശ്രീകുമാർ തന്നെ രംഗത്ത് വന്നിരുന്നു. നോട്ടീസ് വന്ന അടുത്ത ദിവസം തന്നെ പണം അടച്ചെന്നും എന്നാൽ ഇത് ആളുകൾ കരുതുന്നത് പോലെ മാലിന്യമായിരുന്നില്ല എന്നുമായിരുന്നു വിശദീകരണം. മുറ്റത്തെ വീണു കിടന്ന പഴുത്ത മാങ്ങകളായിരുന്നു ഇതെന്നാണ് താരം വ്യക്തമാക്കിയത്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡറാകാൻ തയാറാണെന്ന് എം ജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചർച്ച ആകുന്നത്.

‘ക്യാമ്പയിനിൽ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നല്ലൊരു മാതൃകയാണ്. ഉണ്ടായത് തെറ്റാണ് അതുകൊണ്ടാണ് അപ്പോൾ തന്നെ പിഴയടച്ചത്. മാത്രമല്ല ഇതിനൊരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം ജി ശ്രീകുമാ‌ർ പറഞ്ഞു. നമുക്ക് അതാണ് ആവശ്യം. സഹകരിക്കാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വാക്കുകൾ സ്വീകരിച്ചു. ഈ ക്യാമ്പയിനുമായി സഹകരിക്കാൻ ആരെക്കെ തയാറാണോ അവരെയൊക്കെ സഹകരിപ്പിക്കും’,- മന്ത്രി പറഞ്ഞു.

അതേസമയം വാർത്തകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിഷയത്തെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘കൊള്ളാം നല്ല മാതൃക’,’ കായലിൽ മാലിന്യ പൊതിയെറിഞ്ഞ ആളെ തന്നെ അംബാസഡർ ആക്കണം’ തുടങ്ങി നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.

Leave a Reply