Spread the love

ജോർജ് അറിയാതെ മമ്മൂക്കയെ കാണാനോ അദ്ദേഹം എവിടെയെന്ന് അറിയാനോ ഒരാൾക്കും കഴിയില്ലെന്ന് മെഗാസ്റ്റാറിന്റെ സന്തതസഹചാരിയെ പുകഴ്ത്തി മുൻപൊരിക്കൽ ഒരു പ്രമുഖ നിർമാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 1991ൽ ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മേക്കപ്പ് മാൻ ആയി കൂടിയ ആളാണ് ജോർജ്. അന്നുമുതൽ ഇന്നുവരെ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എവിടെയും ജോർജ് ഉണ്ട്. ഇത്തരത്തിൽ മമ്മൂക്കയുടെ രണ്ടാമൻ ആരാണെന്നറിയാമോ? മമ്മൂക്കയുടെ ലോക്കൽ പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യകാരനായി ഇപ്പോൾ കൂടെയുള്ളത് രസികനായ രമേഷ് പിഷാരടിയാണ്. മമ്മൂക്ക – ജോർജ് –പിഷാരടി ആണ് ഇപ്പോഴത്തെ കോമ്പോ.

ആദ്യമൊക്കെ മമ്മൂക്കയുടെ പിന്നാലെ നടക്കുന്ന പിഷാരടിയെ സോഷ്യൽ മീഡിയ വെറുതെ വിട്ടെങ്കിലും പിന്നെ വിമർശന പെരുമഴ ആയിരുന്നു. മമ്മൂട്ടിയുടെ ഒപ്പം പിഷാരടി നടക്കുന്നത് എന്തേലും ലാഭം നേടാൻ ആയിരിക്കുമെന്നും സിനിമാ റോളിനായിരിക്കുമെന്നുമൊക്കെ സോഷ്യൽ മീഡിയ കമെന്റുകൾ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് പിഷാരടി.

‘മമ്മൂട്ടിയുടെ വാലുപോലെ നടക്കുന്നുവെന്ന് ഞാനും കേട്ടിരുന്നു. ഞാൻ ഇതിനെക്കുറിച്ച് ധർമ്മജനോട് സംസാരിച്ചിട്ടുണ്ട്, നമ്മൾ ഇത്രകാലം നടന്നപ്പോൾ പോലും ആരും ഈ വാലും തലയുമായി എന്ന് പറയുന്നത് കേട്ടിട്ടില്ല. അതിന്റെ പ്രശ്നം അദ്ദേഹത്തിന്റെ പ്രൊഫയിലിന്റെ വലുപ്പവും എന്റെ പ്രൊഫയിലും തമ്മിൽ മാച്ച് ആവാത്തതിനാൽ ആണ്. ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും. ഒരാൾ നമ്മളോട് നന്നായി സംസാരിച്ചാൽ ഇവൻ എന്തിനാണ് എന്നോട് നന്നായി പെരുമാറുന്നത്? എന്തോ കാര്യം നേടാൻ ഉണ്ടെന്ന് പറയും. എന്റെ കാര്യത്തിലാകുമ്പോൾ ആളുകൾക്ക് ഒരുപാട് പറയാൻ ഉണ്ട്. അവനു അവസരത്തിന് വേണ്ടിയാണ്, സിനിമ കിട്ടാൻ ആണ് എന്നൊക്കെ. ഞാനും അദ്ദേഹവും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മനുഷ്യനായി കണ്ടാൽ ഈ ചോദ്യത്തിന് പ്രസക്തി ഉണ്ടാവില്ല. ഇമ്മാനുവൽ എന്ന പടത്തിൽ പറയുന്നത് പോലെ എന്റെ പ്രായമാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു നടനൊപ്പം ഇരിയ്ക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ തയ്യാറല്ല,’ രമേശ് പിഷാരടി പറഞ്ഞു.

Leave a Reply