ടൂറിസം പദ്ധതികളിൽ സോളാർ സംവിധാനങ്ങൾ ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ ടൂറിസം പദ്ധതികളിൽ സോളാർ സംവിധാനങ്ങളെ പരമാവധി ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജലടൂറിസം പോലുള്ള പദ്ധതികളിൽ സോളാർ ബോട്ടുകളും സോളാർ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഗൗരവമായി കണ്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ‘മുസിരിസ് വേവ്സ് 2022’ എന്ന് നാമകരണം ചെയ്ത വാർഷിക പരിപാടികളുടെ ആരംഭവും വിവിധ വിനോദ സഞ്ചാര – അനൗപചാരിക വിദ്യാഭ്യാസ പരിപാടികളുടെ ഉദ്‌ഘാടനവും ‘എന്റെ പൈതൃകം’ സംസ്ഥാനതല ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്ക് സംസ്ഥാനതല ഉദ്ഘാടനവും കൊച്ചി വിമാനത്താവളം(സിയാൽ) മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സർവീസ് നടത്തുന്നതിന് കൈമാറിയ സൗരോർജ്ജ ബോട്ടിന്റെ ലോഞ്ചിങ്ങും, കെഎസ്ഐഎൻസി നിർമിച്ച അത്യാധുനിക സൗകര്യങ്ങളടങ്ങിയ ബോട്ട് ഏറ്റുവാങ്ങലും അദ്ദേഹം നിർവഹിച്ചു.
ചേരമാൻ പള്ളിയുടെ പുനരുദ്ധാരണം, ഹോളിക്രോസ് ചർച്ച് പുനരുദ്ധാരണം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മ്യൂസിയം, പി എ സെയ്ത് മുഹമ്മദ് കമ്മ്യൂണിറ്റി സെന്റർ എന്നിവ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പദ്ധതിക്കൊപ്പം മുന്നോട്ടു പോകുന്ന വിവിധ പദ്ധതികൾ പൂർത്തിയാകുമ്പോൾ ഇവയെ കൂട്ടിയിണക്കി കേരളത്തിൽ ഒരു ഹെറിറ്റേജ് കോറിഡോർ രൂപപ്പെടുത്തും. ദേശീയജലഗതാഗത പാത പൂർത്തിയാകുന്നതോടെ ഹെറിറ്റേജ് കോറിഡോർ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കും. ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിലൂടെ ടൂറിസത്തിന് കൂടുതൽ ഉണർവ് ലഭിക്കും. പൈതൃക ടൂറിസം പദ്ധതികളെ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനമൊട്ടാകെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കിക്കി മാറ്റുക എന്നതാണ് ലക്ഷ്യം. എല്ലാ ജില്ലകളും ഒന്നിനൊന്ന് മികച്ചതാണ്. സംസ്ഥാനത്ത് തിരിച്ചറിയപ്പെടാതെ കിടക്കുന്ന ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.
പൗരാണികവും ചരിത്രപ്രാധാന്യവുമുള്ള പ്രദേശങ്ങളെ ജനങ്ങൾക്ക് അനുഭവിച്ചറിയാൻ നടപ്പിലാക്കിയ പദ്ധതി എന്ന നിലയിൽ മുസിരിസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കാലത്തോട് നീതി പുലർത്തിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ നടപ്പാക്കുന്നത്. ഹെറിറ്റേജ് വാക്ക് ആ ലക്ഷ്യത്തോടെയാണ് നടക്കുന്നത്. പുസ്‌തകങ്ങളിലൂടെ പഠിക്കുന്ന കാര്യങ്ങൾ നേരിട്ടറിയാൻ ഒരു അവസരമാണ് കുട്ടികൾക്ക് ഇതിലൂടെയെല്ലാം ലഭിക്കുന്നതെന്നും ഇതൊരു തുടർപ്രക്രിയയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റുഡന്റ്സ് ഹെറിറ്റേജ് വാക്കിൽ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ ജി എച്ച് എസ് എസ് നീലേശ്വരം സ്കൂളിലെ കുട്ടിപോലീസുകാരുമായും മന്ത്രി സംവദിച്ചു.
കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററിൽ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് സ്വാഗതം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ് പദ്ധതി വിശദീകരിച്ചു. കെ എസ് ഐ എൻ സി മെക്കാനിക്കൽ എഞ്ചിനീയർ പ്രശോഭ് എസ് ബോട്ട് കൈമാറി. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.
ചിത്രരചനയിൽ സൂര്യനാഥ് എസ് എൻ ട്രസ്റ്റ് ഹൈസ്കൂൾ കൊല്ലം ഒന്നാം സ്ഥാനവും, ജഗന്നാഥ് കടമ്പൂർ ഹൈസ്കൂൾ എടക്കാട് കണ്ണൂർ രണ്ടാം സ്ഥാനവും, അഭിനവ് സി, നെന്മാറ ഹൈസ്കൂൾ പാലക്കാട് മൂന്നാം സ്ഥാനവും നേടി.