പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്ത കേസില്‍ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരേ ഗായിക ചിന്മയി ശ്രീപദ. ജാനി മാസ്റ്റര്‍ക്കൊപ്പമുള്ളവര്‍ കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. ജാനി മാസ്റ്റര്‍ സമ്പന്നനും ഉന്നതബന്ധങ്ങളുമുള്ള വ്യക്തിയാണ്. അതിനാല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത വളരേ കുറവാണെന്നും ചിന്മയി ആരോപിച്ചു.
‘ജാനി മാസ്റ്ററുടെ കേസ് സങ്കീര്‍ണ്ണമാണ്. എന്നാല്‍ അതില്‍ പ്രധാനപ്പെട്ട കാര്യം ലൈംഗിക ചൂഷണമാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് മാത്രമല്ല, വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അവളെ ഭീഷണിപ്പെടുത്തുകയുംചെയ്തു’, ചിന്മയി എക്‌സില്‍ കുറിച്ചു.
’16 വയസ്സുള്ള പെണ്‍കുട്ടിക്ക് കണ്‍സെന്റ് നല്‍കാന്‍ കഴിയില്ല എന്ന് മനസിലാക്കാതെ, അയാളുടെ ചുറ്റുമുള്ളവര്‍ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയായ ആളായിരിക്കുമ്പോള്‍, പ്രായപൂര്‍ത്തിയാവാത്തയാളുമായി ബന്ധപ്പെടാതിരിക്കുക എന്നത് മുതിര്‍ന്നയാളുടെ ഉത്തരവാദിത്തമാണ്. ജാനി മാസ്റ്റര്‍ സമ്പന്നനും വലിയ പിടിപാടുമുള്ള വ്യക്തിയുമാണ്. ഈ ചുറ്റുപാടില്‍, പെണ്‍കുട്ടിക്ക് നീതികിട്ടാന്‍ സാധ്യത വളരെ നേര്‍ത്തതാണ്’, ചിന്മയി ആരോപിച്ചു.
‘കൂടാതെ, ഓരോ തവണ ഞാന്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അയാളുടെ ഭാര്യ ഇതിനെക്കുറിച്ച് പ്രതികരിക്കരുതെന്നാവശ്യപ്പെട്ട് എന്നെ വിളിക്കുന്നു. നിരപരാധിയെന്ന് തെളിയിക്കപ്പെടുമെന്ന് അവര്‍ക്ക് നൂറുശതമാനം ഉറപ്പാണത്രേ. അവര്‍ക്ക് നല്ലതുവരട്ടേ എന്നുമാത്രമേ പറയാനുള്ളൂ. അവരുടെ ആത്മവിശ്വാസമാണല്ലോ വലുത്. അവര്‍ക്ക് 100% ഉറപ്പുള്ള അനുകൂലമായ വിധി വന്നാല്‍, എല്ലാവരും കൈ കഴുകി, ‘ഓ, അവന്‍ നിരപരാധിയാണ്, അവന് അവാര്‍ഡുകള്‍ക്ക് മേല്‍ അവാര്‍ഡുകള്‍ നല്‍കാം’ എന്ന് പറയും. നമ്മള്‍ മൊത്തത്തില്‍ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കാതെ, അതിന്റെ നേരിട്ടുള്ള അനന്തരഫലമായി, സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കൂടുതല്‍ പുരുഷന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കും’- ചിന്മയി കുറ്റപ്പെടുത്തി.
‘അപ്പോള്‍ അവര്‍ക്ക് കളി മനസിലാവും- കൂടുതല്‍ പ്രായപൂര്‍ത്തിയാവാത്തവരെ ദുരുപയോഗംചെയ്തിട്ട് എങ്ങനെ രക്ഷപ്പെടാം എന്ന് അവര്‍ക്ക് മനസിലാവും. എല്ലാത്തിനുമുപരിയായി, ചില ആണുങ്ങള്‍ക്ക് തങ്ങളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെടുന്നത് ഒരു രസമാണ്. അയാള്‍ വളരെക്കാലം ഈ സമൂഹത്തില്‍ ആഘോഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ആ പെണ്‍കുട്ടി വിജയിക്കുകയും തന്നെ ദുരുപയോഗം ചെയ്യുന്നവനെ ആഘോഷിക്കുന്ന സമൂഹത്തോട് അവള്‍ക്ക് മറുപടി നല്‍കാന്‍ കഴിയട്ടെയെന്നും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്’- അവര്‍ കൂട്ടിച്ചേര്‍ത്തു.










