അഗ്നിപഥി’നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.
‘ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കു”മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നെങ്കില്‍ ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.