സൂപ്പർഹിറ്റ് ചിത്രം അനന്തഭദ്രം ഉൾപ്പടെയുളള അഞ്ചോളം സിനിമകളുടെ രചന നിർവഹിച്ച വ്യക്തിയാണ് സുനിൽ പരമേശ്വരൻ. മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി പ്രചരിക്കുന്ന വാർത്തകളോട് ചേർത്തുവയ്ക്കാവുന്ന തരത്തിൽ സുനിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയിപ്പോൾ കാൻസർ ചികിത്സയിലാണെന്നും ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുമെന്നും അടുത്ത വൃത്തങ്ങൾ ഉൾപ്പെടെ വ്യക്തമാക്കിയതോടെ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നതിനിടെയാണ് മമ്മൂട്ടിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചത്. മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് ഭ്രമയുഗം എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടയുടനെ താൻ സഹോദരൻ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഒരു മെസേജ് അയച്ചിരുന്നുവെന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്.
അതേസമയം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി താനെഴുതിയ കഥകൾ സിനിമയാക്കാൻ പലയാളുകളും സമിപിച്ചിരുന്നുവെന്നും അവയൊന്നും നടക്കാതെ പോയെന്നും സുനിൽ പരമേശ്വരൻ പറയുന്നു.മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നു. പണ്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു അത്. ആ സിനിമ ഒരിക്കലും നടക്കില്ലെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. അതും നടന്നില്ല. പലരും ആ സിനിമ ചെയ്യാനായി എന്നെ സമീപിച്ചു. ഒരിക്കലും ചെയ്യരുതെന്നാണ് ഞാൻ അവരോട് പറഞ്ഞത്.







