ആന്റണി പെരുമ്പാവൂരിനെ മുന്നിൽ നിറുത്തി ചില താരങ്ങൾ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജി. സുരേഷ് കുമാർ. ഫേസ്ബുക്ക് പോസ്‌റ്റിന് പിന്നിൽ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി പെരുമ്പാവൂരെന്ന് സുരേഷ് കുമാർ പറഞ്ഞു.
”ആന്റണിയുടെ പിന്നിൽ നിന്ന് ചിലർ കളിക്കുകയാണ്. ചില താരങ്ങളാണത്. അവർ മുന്നിൽ വരട്ടെ, അപ്പോൾ സംസാരിക്കാം. അവർ എന്തിനാണ് പിന്നിൽ ഒളിച്ചു നിൽക്കുന്നത്. അവരെയൊക്കെ ബാധിക്കുന്നത് തന്നെയാണ് കാരണം. പുറത്തു നിന്ന് ഇൻവസ്‌റ്റേഴ്‌സിനെ കൊണ്ടുവന്നാണ് ഇവരൊക്കെ സിനിമ ചെയ്യുന്നത്. സത്യം പറഞ്ഞാൽ അതൊക്കെ പൊളിയും.
നൂറ കോടി കളക്‌ട് ചെയ‌്ത ഒരു സിനിമ ഇവർ കാണിച്ചു തരട്ടെ. സർക്കാരിന് കിട്ടുന്ന കാശ് കൂടി നമ്മുടെ അക്കൗണ്ടിൽ എഴുതാൻ സാധിക്കില്ല. താരങ്ങളെ പേടിച്ച് മിണ്ടാതിരിക്കാൻ കഴിയില്ല. ഞങ്ങളുടെ സംഘടന ഒരിക്കലും ‘അമ്മ’യ‌്ക്കെതിരെയല്ല. മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഞങ്ങൾക്ക് വേണ്ടി ഷോ ചെയ‌്തു തന്നത്. ചില സൂപ്പർ താരങ്ങൾ ചെയ്യുന്ന രീതികൾ മാറ്റണമെന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.
താരങ്ങൾ പ്രതിഫലം വാങ്ങുമ്പോൾ അതിന്റെ നാലിൽ ഒന്നെങ്കിലും അതിന്റെ പ്രൊഡ്യൂസറിന് കിട്ടണ്ടേ? വിരോധം കൊണ്ടിരുന്നിട്ട് കാര്യമില്ല. ഒടിടിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന കളക്ഷൻ ഇടിഞ്ഞു”. പേയ്‌മെന്റ് കിട്ടുന്നത് തന്നെ മാസങ്ങൾ കൊണ്ടാണ്. അവർ പറയുന്നതിനനുസരിച്ച് സിനിമ മാറ്റി വയ‌്ക്കേണ്ട അവസ്ഥയാണെന്ന് സുരേഷ് കുമാർ പറഞ്ഞു.