അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. സിനിമയിൽ അഭിനയിക്കുമ്പോൾ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ പ്രേമം സിനിമ തിയേറ്ററിൽ കണ്ടപ്പോഴാണ് തനിക് കോൺഫിഡൻസ് ഉണ്ടായതെന്ന് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി.
‘ഇവിടെയുള്ള ബ്യൂട്ടി സ്റ്റാൻഡേർഡിനു ചേർന്ന വ്യക്തിയാണ് ഞാൻ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നില്ല. നീ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അവർ അമ്മ ആയതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഞാനും കരുതും. സ്‌കൂളിൽ ആരെങ്കിലും സുന്ദരിയാണെന്ന് പറയുമോ എന്ന് നോക്കിയിട്ടുണ്ട്. അച്ഛൻ വളരെ സ്ട്രിക്ടായിരുന്നു. അതുകൊണ്ട് ആരും അടുത്ത് വന്നു മിണ്ടില്ലായിരുന്നു. ചെറുപ്പത്തിൽ ബന്ധുക്കൾ ആരെങ്കിലും നിന്റെ മുഖത്തെന്താ ഇത്രയും കുരുക്കൾ എന്നൊക്കെ ചോദിക്കുമായിരുന്നു, അതിങ്ങനെ മനസില്‍ കിടക്കും. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും നീ സുന്ദരിയാണെന്ന് പറയുന്ന അമ്മയുടെ ശബ്ദമാണ് മനസ്സിൽ വരിക. ചുറ്റും ഉള്ളവർ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞാലും അമ്മ അങ്ങനെ പറയുന്നതാണ് എപ്പോഴും മനസ്സിൽ ഉണ്ടാവാറുള്ളത്.
പ്രേമം സിനിമയുടെ റിലീസാണ് എനിക്ക് ആ കാര്യത്തിൽ ധൈര്യം തന്നത്. മലർ വരുമ്പോഴും ഡാൻസ് ചെയ്യുമ്പോഴും എല്ലാം ആളുകൾ വലിയ ആവേശത്തിലായിരുന്നു. ഞാൻ അമ്മയുടെ കൈ പിടിച്ചു ഞെരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരെങ്കിലും കൂവി പുറത്തു പോയാലോ എന്നെല്ലാം ഭയമുണ്ടായിരുന്നു. അന്ന് അംഗീകരിക്കുന്നത് കണ്ടപ്പോൾ കുറെ ചിന്തകൾ വന്നു. നമ്മൾ ശാരീരികമായി മാത്രമാണ് ഭംഗിയെ നോക്കിക്കാണുന്നത് എന്ന് തോന്നി. കുറെ ചെറുപ്പക്കാർ മലരേ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു അന്ന്. അത്രയും ഭംഗിയൊന്നും ഇല്ലെങ്കിലും മലർ എന്ന കഥാപാത്രത്തിന് ഒരു ഭംഗിയുണ്ട്. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമായത്. അതുകൊണ്ട് നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ അത് തന്നെയാണ് ഭംഗി എന്ന് മനസ്സിലായി’ സായ് പല്ലവി പറഞ്ഞു.
പ്രേമം സിനിമയിലേക്ക് അൽഫോൻസ് പുത്രൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും തട്ടിപ്പ് കോളായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും സായ് പല്ലവി പറഞ്ഞു. സിനിമയില്‍ നിന്ന് ഒരാള്‍ തന്നെ തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.