തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബേബി ജോണി’ന്റെ പ്രേമോഷൻ പരിപാടിക്കിടയിൽ ബോളിവുഡ് താരം വരുൺ ധവാൻ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. ഒരു ആരാധികയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവമാണ് താരം തുറന്നു പറഞ്ഞത്. വളരെ പ്രമുഖനായ ഒരാളുടെ ഭാര്യയായിരുന്നു വിഷയത്തിലെ പ്രതിയെന്നും ഒടുവിൽ പൊലീസൊക്കെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും താരം പറയുന്നു.
‘ആ സ്ത്രീ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. അവർ ആരാണെന്ന് എനിക്ക് വെളിപ്പെടുത്താനാകില്ല. പക്ഷെ ശക്തമായ ഒരാളുടെ ഭാര്യയാണെന്ന് മാത്രം പറയാം. ആരോ എന്റെ പേരിൽ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു.
അവർക്ക് എന്റെ കുടുംബത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. ഞാൻ അവർക്കായി എന്റെ കുടുംബത്തെ പോലും ഉപേക്ഷിക്കുമെന്നായിരുന്നു അവർ കരുതിയിരുന്നത്. ഒരു ദിവസം ഒരാളുമായി അവർ എന്റെ വീട്ടിലേക്ക് കയറിവന്നു. ഞാൻ പൊലീസിനെ വിളിച്ചു. വനിതാ പൊലീസൊക്കെ എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്,’ വരുൺ പറഞ്ഞു. ഒരു പുരുഷനായ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾ എന്തൊക്കെ നേരിടുന്നുണ്ടാകാമെന്ന് വരുൺ ധവാൻ പറഞ്ഞു.