Spread the love

ഷെയ്ന്‍ നി​​ഗത്തിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം മദ്രാസ്‍കാരന്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. തമിഴിലെ പൊങ്കല്‍ റിലീസുകളില്‍ ഒന്നാണ് ചിത്രം. പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ ഇന്നലെ ഇടപ്പള്ളി വനിത, വിനീത തിയറ്ററില്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷെയ്നും എത്തിയിരുന്നു. സിനിമ കാണാതെ, ചിലര്‍ പറയുന്നത് കേട്ട് തീരുമാനം എടുക്കരുതെന്ന് പ്രദര്‍ശനത്തിന് ശേഷം ഷെയ്ന്‍ നി​ഗം മാധ്യമങ്ങളോട് പറഞ്ഞു.

“പടം കണ്ടിട്ട് വിലയിരുത്തുക. അല്ലാതെ ചിലര്‍ കാണിക്കുന്നത് കണ്ടിട്ട് നിങ്ങള്‍ വിലയിരുത്തരുത്. അത്രയേ പറയാനുള്ളൂ. എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്, അത് പ്രചരിപ്പിക്കുക. അല്ലാതെ വേറൊരു വെറുപ്പ് പ്രചരിപ്പിക്കരുത് ബ്രോ. ഒരുപാട് പറയുന്നില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ കണ്ണൊക്കെ നിറഞ്ഞുപോകും. അങ്ങനത്തെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. സഹായിക്കുക. വലിയൊരു അപേക്ഷയാണ്”, ഷെയ്നിന്‍റെ വാക്കുകള്‍.ടാര്‍​ഗറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അതില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഷെയ്നിന്‍റെ മറുചോദ്യം. ചിത്രത്തെക്കുറിച്ച് ബോധപൂര്‍വ്വം നെ​ഗറ്റീവ് പ്രചരണം നടക്കുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഷെയ്നിന്‍റെ പ്രതികരണം ഇങ്ങനെ- “ദൈവം ഉണ്ട്. നീതിയേ നടപ്പിലാവൂ. അതില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്”, ഷെയ്ന്‍ നി​ഗം പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം തന്‍റെ സിനിമയുടെ പ്രചരണാര്‍ഥത്തിനുവേണ്ടി നല്‍കിയ ഒരു അഭിമുഖത്തിലെ ഷെയ്ന്‍ നിഗത്തിന്‍റെ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ ആരാധകരെ സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. എന്നാല്‍ പ്രസ്തുത അഭിമുഖത്തിന്‍റെ വീഡിയോ മുഴുവന്‍ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഷെയ്ന്‍ നിഗം പിന്നാലെ പ്രതികരിച്ചിരുന്നു. അതേസമയം വാലി മോഹന്‍ദാസ് സംവിധാനം ചെയ്ത മദ്രാസ്‍കാരനില്‍ കലൈയരശനും നിഹാരിക കോണിഡെലയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply