Spread the love
മകൻ മരിച്ചു; മരുമകളെ പഠിപ്പിച്ചു; അവൾക്കു പുതിയ ജീവിതം നൽകി മാതൃകയായി അമ്മായിഅമ്മ

സ്ത്രീധന മരണങ്ങളുടെ ഈ കാലത്തു അമ്മായിഅമ്മ തന്റെ മകന്റെ മരണശേഷം മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിച്ച്, അവൾക്കൊരു പുതിയ ജീവിതം നൽകി മാതൃകയാവുകയാണ് രാജസ്ഥാനിലെ ഫത്തേപൂർ ശെഖാവതിയിൽ കമല ദേവി. കമലാദേവിയുടെ മകൻ അഞ്ചുവർഷം മുമ്പാണ് മരിച്ചത്. മരണശേഷം, അവർ മരുമകളെ പഠിപ്പിച്ചു, ജോലി നേടാൻ സഹായിച്ചു. സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കിയശേഷം, ആർഭാടത്തോടെ പുനർവിവാഹവും നടത്തി കൊടുത്തിരിക്കയാണ്. 2016 മെയ് 25 -നായിരുന്നു കമല ദേവിയുടെ ഇളയ മകൻ ശുഭം സുനിതയെ വിവാഹം കഴിച്ചത്. വിവാഹശേഷം എംബിബിഎസ് പഠിക്കാൻ കിർഗിസ്ഥാനിലേക്ക് പോയ ശുഭം 2016 നവംബറിൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മകന്റെ മരണശേഷം അമ്മായിയമ്മ മരുമകളെ സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചു. മരുമകൾ സ്വയം ദുർബലയായി കണക്കാക്കരുത് എന്ന് കരുതിയ ആ അമ്മ അവളെ പഠിപ്പിച്ചു. ഒടുവിൽ 2021-ൽ ആദ്യ ശ്രമത്തിൽ തന്നെ ഒരു സർക്കാർ അധ്യാപികയുടെ ജോലി നേടി, സ്വന്തം കുടുംബത്തെ പോറ്റുന്നു, അനിയനെ പഠിപ്പിക്കുന്നു. മരുമകൾക്ക് നല്ലൊരു ദാമ്പത്യജീവിതം കൂടിവേണമെന്ന് ആഗ്രഹിച്ചു അവളെ മറ്റൊരു വിവാഹത്തിന് അവർ നിർബന്ധിച്ചു. ഭർത്താവ് മരിച്ച് അഞ്ചു വർഷങ്ങൾക്ക് ശേഷം സുനിത ഇപ്പോൾ രണ്ടാമതും വിവാഹിതയായി. കമല ആഡംബരത്തോടെയാണ് സുനിതയുടെ വിവാഹം നടത്തിയത്.

Leave a Reply