തിരുവനന്തപുരം: കൊല്ലം അഞ്ചലിലെ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊവിഡ് മാർഗ്ഗ നിർദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക് മാറ്റുന്നത്.
നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നൽകണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
സ്വന്തം ഭാര്യയെ മൂർക്കൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വർഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്. ക്രൂരവും മൃഗീയവുമായ കൊലപാതകമാണ് സൂരജ് നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും അത്യപൂർവങ്ങളിൽ അപൂർവമായ കേസല്ല ഉത്ര വധക്കേസെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും വധശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടി.വിവിധ കുറ്റങ്ങൾക്കുള്ള പിഴയായി 5 ലക്ഷത്തി എൺപത്തി അയ്യായിരം രൂപ സൂരജിൽ നിന്ന് ഈടാക്കും. ഈ തുക ഉത്രയുടെ മകന് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.