സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സ്റ്റേ വിധിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്.
നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത് എന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിക്കുന്നത്. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.
സൗബിനൊപ്പം ശാന്തി ബാലചന്ദ്രനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. കലി സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ് ആണ് ജിന്നിന്റെയും തിരക്കഥ രചിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിക്കുന്നു.