Spread the love

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം ‘കൂലി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ആരംഭിച്ച ചിത്രീകരണത്തിൽ രജനികാന്തും ശ്രുതി ഹാസനും പങ്കുചേർന്നിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കുമെന്നത് സംബന്ധിച്ച് പല ചർച്ചകളും സജീവമാണ്. ഇപ്പോഴിതാ സിനിമയിൽ നടൻ സൗബിൻ ഷാഹിറും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

കൂലിയിൽ സുപ്രധാനമായ കഥാപാത്രത്തെയാകും സൗബിൻ അവതരിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ ആദ്യ തമിഴ് ചിത്രമായിരിക്കും. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സൗബിൻ സെറ്റിൽ ജോയിൻ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രമാകും നടന്റേത് എന്നും സൂചനകളുണ്ട്.

ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സത്യരാജ്, ശോഭന എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

Leave a Reply