Spread the love

ബഹിരകാശാ പഠനം ;ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് യുഎഇ.


ദുബായ് : ഉപഗ്രഹ സാങ്കേതിക വിദ്യയിൽ സർവകലാശാല വിദ്യാർഥികൾക്കും യുവശാസ്ത്രജ്ഞർക്കും അവസരമൊരുക്കാൻ ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. അറബ് മേഖലയിൽ ഇതാദ്യമായാണ് ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാനും കംപ്യൂട്ടർ കോഡിങ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനും പ്രാപ്തമാക്കുന്ന സ്റ്റേഷൻ തുറന്നത്.
ബഹിരാകാശ രംഗത്തു കൂടുതൽ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്ന യുഎഇയിൽ ഇത്തരമൊരു കേന്ദ്രത്തിന് സാധ്യതയേറെയാണ്.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി (ഡിഎസ്ഒഎ) എന്നിവ സംയുക്തമായി ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിലാണ് സ്റ്റേഷൻ തുറന്നത്.വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഉപഗ്രഹ മേഖലയിലാകും ആദ്യ ഘട്ടത്തിൽ പരിശീലനം. കംപ്യൂട്ടർ കോഡിങ് ഉൾപ്പെടെ ഉപഗ്രഹത്തിലെ കംപ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനങ്ങളിൽ പരിജ്ഞാനം നൽകുക,  ഉപഗ്രഹ ഘടകങ്ങൾ വികസിപ്പിക്കുക, തകരാറുകൾ പരിഹരിക്കുക തുടങ്ങിയ തന്ത്രപ്രധാനമേഖലകളിൽ  ‘ദ് കോഡ് ഇൻ സ്പേസ് സാറ്റലൈറ്റ് ഗ്രൗണ്ട്  സ്റ്റേഷൻ’  പരിശീലനം നൽകുമെന്ന് ഡിഎസ്ഒഎ ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജുമ അൽ മത്രൂഷി പറഞ്ഞു.നിർമാണം, വിക്ഷേപണം, നിയന്ത്രണം തുടങ്ങിയവയിൽ യുവതലമുറയെ പൂർണസജ്ജമാക്കും.
കാലാവസ്ഥാ പഠനത്തിലും  പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലും ഇതു സഹായിക്കും. ബഹിരാകാശ ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താൻ സ്കൂൾ തലങ്ങളിലടക്കം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ,സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ 100 മുതൽ 250 കിലോ വരെയുള്ള ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സോഫ്റ്റ് വെയർ, നൂതന ഉപഗ്രഹ മാതൃകകൾ എന്നിവ വികസിപ്പിക്കും.
യുഎഇയുടെ ഭാവി ഉപഗ്രഹങ്ങളുടെ ഭൂരിഭാഗം ഘടകങ്ങളും തദ്ദേശീയമായി നിർമിക്കാനാണ് പദ്ധതി.നിർമാണച്ചെലവ് കുത്തനെ കുറയ്ക്കാനും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കാനും കഴിയുമെന്നതാണ് പ്രധാന നേട്ടം.സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.ഇനിയുള്ള 5 പതിറ്റാണ്ടുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു സുപ്രധാന പങ്കുവഹിക്കാൻ ബഹിരാകാശ മേഖലയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ.

Leave a Reply