ചെന്നൈ: കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ എസ്പിബി ചരൺ. തന്റെ ട്വിറ്റർ പേജിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ചരൺ ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആളുകളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും ചരൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.ചെന്നൈ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും വഷളായി. അതിന് ശേഷമാണ് ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരിക്കുന്നത്.