പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ ശേഷം തുടർചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നതെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.
അരോഗ്യ നില വഷളായതിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഉൾപ്പെടെ ആശുപത്രി അധികൃതർ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നിൽ പോലീസിനെ ഉൾപ്പെടെ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. സംവിധായകൻ ഭാരതി രാജ, സഹോദരിയുടെ ഗായികയുമായ എസ്. പി. ഷൈലജ എന്നിവരുൾപ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ഓഗസ്റ്റ് 14 ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീർത്തും വഷളായത്. എന്നാൽ പ്രതീക്ഷകൾ നൽകി സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്ത പുറത്തുവന്നിരുന്നു. സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകൻ ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകൻ നടൻ, സംഗീതസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്നിങ്ങനെ സുഹൃത്തുക്കൾക്കും ആരാധകർക്കും ഇടയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ആറ് ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യവും എസ് പിബിയെ ആദരിച്ചിട്ടുണ്ട്.
1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി പിന്നണി ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. അതിനു ശേഷം പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായ ഇതുവരെ 39000 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡും എസ്.പി.ബിയുടെ പേരിലാണ്.
ഗായകൻ എന്നതിന് ഉപരി ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് എസ്പിബി. കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസന് പുറമെ രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ നാടക അഭിനേതാവും ഹരികഥാ കലാകാരനുമായ എസ്. പി. സംബമൂർത്തി ശകുന്തളാമ്മ ദമ്പതികളുടെ മകനായി 946 ജൂൺ 4 നായിരുന്നു എസ് പിബിയുടെ ജനനം. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത. സാവിത്രിയാണ് ഭാര്യ. എസ്.പി.ബി. ചരൺ , പല്ലവി എന്നിവർ മക്കളാണ്.