എസ്പിസി – സംസ്ഥാനതല ക്വിസ് മത്സരത്തിന് സമാപനം
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ക്വിസ് മത്സരം തൃശൂർ, കേരളാ പൊലീസ് അക്കാദമിയിൽ നടന്നു. കേരളാ പൊലീസ് അക്കാദമി തിങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന്
ഡിജിപി അനിൽകാന്ത്
മത്സരത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. തുടർന്ന് 10.30 ഓടെയാണ് മത്സരം ആരംഭിച്ചത്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ ആലപ്പുഴ ജില്ലയ്ക്ക് ഒന്നാം സ്ഥാനം, കാസർകോട് ജില്ലയ്ക്ക് രണ്ടാംസ്ഥാനം, തിരുവനന്തപുരം റൂറൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം എന്നിങ്ങനെയാണ് ലഭിച്ചത്. എല്ലാവർഷങ്ങളിലും നടന്നിരുന്ന മത്സരം 2020ൽ കോവിഡിനെ തുടർന്ന് മാറ്റിവെച്ചിരിക്കുകയായിരുന്നു.
ഒരു ജില്ലയെ പ്രതിനിധീകരിച്ച് മൂന്ന് കുട്ടികൾ വീതമാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാനതല ക്വിസ് മത്സരത്തിന് മുന്നോടിയായി ആദ്യഘട്ട മത്സരം സ്കൂൾ തലത്തിലായിരുന്നു സംഘടിപ്പിച്ചത്. അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ജില്ലാതലത്തിൽ മത്സരിപ്പിച്ചും തുടർന്ന് ജില്ലാ തലത്തിൽ നന്നായി പ്രകടനം കാഴ്ച്ചവെച്ച മൂന്ന് കുട്ടികളെ തിരഞ്ഞെടുത്ത് സംസ്ഥാന തലത്തിൽ കൊണ്ടുവരികയുമാണ് ചെയ്തത്. സംസ്ഥാനതല മത്സരത്തിൽ ആദ്യഘട്ട ക്വാളിഫയിംഗ് റൗണ്ടുകൾ നടത്തിയ ശേഷം രണ്ട് ഘട്ടങ്ങളിലായുള്ള സെമിഫൈനൽ റൗണ്ടുകളും ഫൈനൽ റൗണ്ടുകളും നടത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് മത്സരത്തിന് നേതൃത്വം നൽകി. തുർന്ന് കണ്ണൂർ ജില്ലയിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സോഷ്യൽ പൊലീസ് ഡിവിഷൻ്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ട്രാഫിക് ബോധവൽക്കരണ ഡിജിറ്റൽ നാടകമായ ‘ഇനിയെങ്കിലും’ പ്രദർശിപ്പിച്ചു. എസ്പിസിയുടെ ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഈ ഡിജിറ്റൽ നാടകം 410 വേദികൾ പിഞ്ഞിട്ടതാണ്.
മത്സരശേഷം റവന്യൂ മന്ത്രി കെ രാജൻ സമ്മാനദാനം നടത്തി.
പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പൊലീസ് മേധാവി
ആർ ആദിത്യ, സൂപ്രണ്ട് ഓഫ് പൊലീസ് ആൻ്റ് വിജിലൻസ് ഓഫീസർ എക്സൈസ് മുഹമ്മദ് ഷാഫി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കോസ്റ്റൽ സെക്യൂരിറ്റി ആൻഡ് ഡയറക്ടർ സോഷ്യൽ പൊലീസ് ഡിവിഷൻ പി വിജയൻ സ്വാഗതവും ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്പിസി തൃശൂർ സി വി പ്രദീപ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എ അക്ബർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള പൊലീസ് അക്കാദമിയിലെ ഒമ്പത് ഐപിഎസ് ട്രെയിനികളും
320 ഓളം വരുന്ന വനിതാ പൊലീസ് മത്സരാർത്ഥികളും സന്നിഹിതരായിരുന്നു.