മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ഭരണഘടനയെ ഇകഴ്ത്തി പ്രസംഗിച്ച സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷ പ്രതിഷേധ എത്തിയതോടെ ആണ് സഭാ നടപടികള്‍ മുഴുവന്‍ നിര്‍ത്തിവച്ച് സ്പീക്കറുടെ അസാധാരണ നടപടി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം രൂക്ഷമാക്കി. ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതോടെ അംഗങ്ങളോട് സഭയില്‍ ഇരുന്ന് സഹകരിക്കണമെന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധം സഭ നടപടികള്‍ക്ക് എതിരാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.