
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികൾ പരിശോധിക്കും. ചുരമിറങ്ങാതെ അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും ഊരുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി, വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കി. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.