Spread the love

മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ ആ ഹൈപ്പിന് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി അവതരിപ്പിക്കുകയാണ് അണിയറക്കാര്‍. അക്കൂട്ടത്തില്‍ ലൂസിഫറില്‍ ഉണ്ടായിരുന്നവരും ഇല്ലായിരുന്നവരും ഉണ്ട്. ഇപ്പോഴിതാ ലൂസിഫറില്‍ ഇല്ലാത്തതും എന്നാല്‍ എമ്പുരാനില്‍ ഉള്ളതുമായ ഒരു കഥാപാത്രത്തെക്കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ടീം. മലയാളികള്‍ക്ക് സുപരിചിതനായ കന്നഡ താരം കിഷോര്‍ ആണ് അത്.

മലയാളിയായ ഐബി ഓഫീസര്‍ കാര്‍ത്തിക് എന്ന കഥാപാത്രത്തെയാണ് കിഷോര്‍ എമ്പുരാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ സീക്വല്‍ എന്ന നിലയില്‍ എമ്പുരാന്‍റെ അവസരം വന്നപ്പോഴേ താന്‍ മറ്റൊന്നും ആലോചിക്കാതെ അത് സ്വീകരിച്ചെന്ന് കിഷോര്‍ പറയുന്നു. മലയാളവും ഇംഗ്ലീഷും സംസാരിക്കേണ്ട കഥാപാത്രമാണ് ഇത്. മലയാളം ഒരു മലയാളിയെപ്പോലെ സംസാരിക്കേണ്ടതുണ്ടായിരുന്നു, അതും വേഗത്തില്‍. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തന്നോട് ഏറ്റവുമധികം ആവശ്യപ്പെട്ടത് മലയാളം കുറച്ചുകൂടി വേഗത്തില്‍ സംസാരിക്കാന്‍ ആയിരുന്നുവെന്നും കിഷോര്‍ ഓര്‍ക്കുന്നു.

അതേസമയം പുലിമുരുകന് ശേഷം കിഷോര്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് എമ്പുരാന്‍. പുലിമുരുകനില്‍ ആര്‍ കെ എന്ന ഫോറസ്റ്റ് ഓഫീസറെയാണ് കിഷോര്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്‍റെ മുരുകനുമായി ഏറെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്ന, ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമായിരുന്നു അത്. അതേസമയം മാര്‍ച്ച് 27 നാണ് എമ്പുരാന്‍റെ റിലീസ്. ഇനി ഒന്‍പത് കഥാപാത്രങ്ങളെക്കൂടിയാണ് അവതരിപ്പിക്കാന്‍ ഉള്ളത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply