മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു.