
തിരുവനന്തപുരം: അധ്യയന വർഷമാരംഭിക്കാനിരിക്കെ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്.പരമാവധി 50 കിലോമീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവേണറുകൾ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കി. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും ഒപ്പം ഇവ സുരക്ഷ മിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതും ഉറപ്പാക്കണം. സ്കൂൾ മാനേജ്മെന്റിനും രക്ഷാകർത്താക്കൾക്കും സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതിനുമുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ) എല്ലാ സ്കൂൾ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാം.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോർഡിങ് പോയന്റ് രക്ഷാകർത്താവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റാമി നേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാർഗങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തി യരജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണം.