
നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ 168-ാം ജയന്തിദിനം സമാഗതമാകുന്നു.അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനമാണ് 2022 സെപ്റ്റംബര്‍ 10 ശനിയാഴ്ച നാടൊട്ടുക്കും സമുചിതമായി ആഘോഷിക്കുന്നത്. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു, അദ്ദേഹം. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു. സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.കേരളമൊട്ടുക്കും നാല്‍പത്തി മൂന്ന് ക്ഷേത്രങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദേവാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും ഗുരുദേവന്‍ മുന്നില്‍ക്കണ്ടത് സമൂഹത്തിന്റെ സാഹോദര്യമായിരുന്നു.