ആൺകുട്ടികളാരുന്നേൽ അവരെകൂട്ടി ജോലിക്കു പോകാമായിരുന്നു’ തെങ്ങുകയറ്റ തൊഴിലാളിയായ ഗോപാലൻ ഭാര്യ ഉഷയോട് തമാശക്കാണെങ്കിലും പറഞ്ഞുപോയ ഈ വാക്കുകൾ മകൾ ശ്രീദേവിയുടെ മനസിൽ തറച്ചു. ലോക് ഡൗൺ നാളുകളിൽ തെങ്ങുകയറ്റവും ഓട്ടോ ഡ്രൈവിങ്ങും പഠിച്ച് കുടുംബത്തിന് വരുമാനമുണ്ടാക്കുകയാണിന്ന് ഈ ബിഎഡ് വിദ്യാർഥിനി. പെൺകുട്ടികളാണെന്നത് ഒന്നിനും പരിമിതയില്ലന്ന് മലപ്പുറം ഗവൺമെന്റ് കോളേജിലെ ബികോം വിദ്യർഥികളായ അനുജത്തിമാരെയും അവൾ പഠിപ്പിച്ചു. പുലർച്ചെ അച്ഛനൊപ്പം തേങ്ങയിടാൻ പോകുകയാണിപ്പോൾ ശ്രീദേവി. ‘ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ’ അത്രേയുള്ളൂ അവൾക്കത്. കലിക്കറ്റ് സർകലാശാല ക്യാമ്പസിൽ നിന്ന് എം എ പാസായ ശ്രീദേവിക്ക് ചരിത്രത്തിൽ ഗവേഷണം ചെയ്യാനും അധ്യാപികയാകാനുമാണ് ആഗ്രഹം.
കാടാമ്പുഴ മുക്കലംപാട്ട് വടക്കേതിൽ ഗോപാലന്റെയും ഉഷയുടെയും മുത്തമകളായ ശ്രീദേവി ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ പഠിക്കുകയാണിപ്പോൾ. മാർച്ച് 11ന് ഹോസ്‌റ്റലിൽ നിന്ന് മടങ്ങിയെത്തിയ അവൾ ലോക് ഡൗണായതിനാൽ വീട്ടിൽ കുടുങ്ങി. മുമ്പ് ട്യൂഷൻ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ജോലിക്കുപോയി കുടംബത്തെ സഹായിച്ചിട്ടുണ്ട് അവൾ.
കോവിഡ് കാലത്ത് അത്തരം ജോലികളൊന്നും ചെയ്യാനാവാത്തതിനാൽ അച്ഛന്റെ തൊഴിൽ പയറ്റാൻ തീരുമാനിക്കയായിരുന്നു. അമ്മയും അനുജത്തിമാരായ ശ്രീകുമാരിയും ശ്രീകലയും എതിർത്തെങ്കിലും പിന്മാറിയല്ല. യന്ത്രം വാങ്ങി തെങ്ങിൽ കയറിയപ്പോൾ തേങ്ങയിടാൻ പഠിപ്പിച്ചത് അച്ഛൻ. അയൽവക്കത്തെ താത്തയ്‌ക്ക് ഇളനീർ വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ആ ദൗത്യം മകളെ ഏൽപിച്ചു. ആദ്യം കിട്ടിയ കൂലി അച്ഛനെ ഏൽപിച്ചപ്പോൾ ആ മുഖത്ത് പുഞ്ചിരി. ഇതിനിടെ അമ്മയോട് വാശിപടിച്ച് ഒാട്ടോ ഓടിക്കാനും അവൾ പഠിച്ചു.