Spread the love

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യപ്രതിഭ എം.ടി. വാസുദേവൻ ഇന്നലെ ലോകത്തോട് വിട വാങ്ങിയിരുന്നു. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും. എം.ടിയുടെ വിയോഗത്തിൽ മലയാളം വേദനയിൽ ഇരിക്കെ സംവിധായകൻ ശ്രീകുമാർ മേനോന്റെ കുറിപ്പ് ആണ് ഇപ്പോൾനോവാകുന്നത്.

രണ്ടാമൂഴം സിനിമായാക്കാൻ എംടി വാസുദേവൻ നായർ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സിനിമയാക്കാൻ കഴിയാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നുവെന്നുമാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്. സിനിമയുടെ മുടക്ക് മുതൽ വൻ പ്രതിസന്ധിയായതെന്നും രണ്ടാമൂഴം സിനിമയാകാത്തതിൽ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്നുമാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്.

പോസ്റ്റിന്റെ പൂർണരൂപം:

ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരിന്നു.

അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം.സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്…

രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ…

Leave a Reply