
കൊച്ചി; ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ശ്രീനാഥ് ഭാസി എത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനാഥ് ഭാസിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നത്. എന്നാൽ സമയം നീട്ടി ചോദിക്കുകയായിരുന്നു. നാളെയാവും ചോദ്യം ചെയ്യൽ നടക്കുക എന്നാണ് പറഞ്ഞിരുന്നത്. അതിനിടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും
ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവർത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. ഈ മാസം 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും.