മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘എന്നും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്, ആര്‍ക്ക് എന്ത് നേട്ടമാണുള്ളത്. നമ്മുടെ ജനാധിപത്യം ആകെ കുഴപ്പത്തിലാണ്’ എന്നുമാണ് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘ സ്വര്‍ണകടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം, അത് തൊഴില്‍ ഇല്ലാത്ത എത്രയോ ആളുകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുമ്ബോള്‍ പി.എസ്.സിയെ മറികടന്നു രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന അധികാരികള്‍, അവരെ ആണ് നമ്മള്‍ കാണുന്നത്. ഭീകരമായ അവസ്ഥയാണ് അത്. നൂറുകണക്കിന് ആളുകള്‍ക്കു പിന്‍വാതില്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുന്നത് തട്ടിപ്പ് പരിപാടിയാണ്. കള്ളന്മാര്‍,’ ശ്രീനിവാസന്‍ തിരുവോണ ദിവസം നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു.
ഒരു നല്ല നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. 1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി കഥാപാത്രങ്ങളാണ് താരത്തെ തേടി എത്തിയത്.