Spread the love

മലപ്പുറം : ഇന്ന് ശ്രീകൃഷ്ണജയന്തി, നാടും നഗരവും അമ്പാടിയാകുന്ന ദിവസം. മയിൽപീലിയും മഞ്ഞപ്പട്ടുമണിഞ്ഞ് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തെരുവീഥികൾ വർണാഭമാക്കും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കുറിയും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മുതിർന്നവരും കുട്ടികളുമടക്കം ഒരുലക്ഷത്തോളം പേർ ശോഭായാത്രകളിൽ പങ്കെടുക്കും. പരിപാടി ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബാലഗോകുലം മലപ്പുറം മേഖലാ കാര്യദർശി ടി. പ്രവീൺ പറഞ്ഞു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതാണ് ഇത്തവണ ശോഭായാത്രയുടെ സന്ദേശം. മഞ്ചേരി, അങ്ങാടിപ്പറം, നിലമ്പൂർ, എടക്കര, കരുളായി, പാണ്ടിക്കാട്, മലപ്പുറം, കോണ്ടോട്ടി, പുളിക്കൽ, എടവണ്ണപ്പാറ, പെരിന്തൽമണ്ണ, വളാഞ്ചേരി, തെഞ്ഞിപ്പാലം, എടപ്പാൾ, തിരൂർ, താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചങ്ങരംകുളം, പൊന്നാനി എന്നിവിടങ്ങളിൽ മഹാശോഭായാത്രകളാകും നടക്കുക.

അഷ്ടമിരോഹിണി പ്രമാണിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാൾ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരും അമ്പലപ്പുഴയുമടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണുള്ളത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര വൈകിട്ട് 3.30ന് ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നു പുറപ്പെടുന്ന ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായാണ് സമാപന സ്ഥലത്തെത്തുന്നത്. നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി.

Leave a Reply