Spread the love
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപില്‍

ജനകീയ പ്രക്ഷോഭങ്ങൾക്ക് നടുവിൽ നിന്ന് രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ. ഭാര്യ ലോമ രജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി ആണ് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്ത് നിന്ന് അയൽരാജ്യമായ മാലിദ്വീപിലേക്ക് പ്രസിഡന്‍റും ഭാര്യയും പോയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടയുകയായിരുന്നു. തുടർന്നാണ് സൈനികവിമാനത്തിൽ ഇവർ രക്ഷപ്പെട്ടത്. കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന അന്റോനോവ് -32 ശ്രീലങ്കൻ സൈനിക വിമാനത്തിൽ നാല് യാത്രക്കാരിൽ 73 കാരനായ നേതാവും ഭാര്യയും അംഗരക്ഷകനും ഉൾപ്പെടുന്നുവെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എഎഫ്‌പിയോട് പറഞ്ഞു. മോശമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ മാസങ്ങളായി വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രജപക്സെ മുന്നോട്ട് വച്ചിരുന്നത്.

Leave a Reply